വിവിധ കലാ പരിപാടികളുമായി തീരോല്‍സവം നാളെ... പാലത്തിന്‍റെ ശിലാഫലകം അനാച്ച്ചാദനം ചെയ്തു... തിരക്കിട്ട പരിപാടി മൂലം സമ്മേളന വേദിയില്‍ വെളിച്ചമെത്തിയില്ല...

തിരയിളക്കങ്ങള്‍...

തിരക്കേറിയ ജീവിത പ്രയാണത്തിനിടയില്‍ പലപ്പോഴും നാം അഴീക്കോടിനെ മറന്നു പോകുന്നില്ലേ ... കുറച്ച് പരദൂഷണങ്ങളും കരക്കമ്പിയും അല്പം നാട്ടു സത്യങ്ങളും പെരിയാറ്റിന്‍ തീരത്തുള്ള ചീനവലകളെ സ്നേഹിക്കുന്ന,ലോകത്തുള്ള എല്ലാ അഴീക്കോടന്മാര്‍ക്കും വിളമ്പുക എന്നതാണ് ലക്‌ഷ്യം...



26 February 2011


തീരോല്‍സവം...
തീരദേശ ജാഗ്രതാ സമിതിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മുനക്കല്‍ ബീച്ചില്‍ ഫെബ്രുവരി 27 ഞായറാഴ്ച തീരോല്‍സവം നടത്തുന്നു.
കഴിഞ്ഞ ബീച്ച് ഫെസ്റ്റിവല്‍ നടത്തിപ്പില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഫെസ്റ്റിവലിന് ശേഷം ഡിസ്ട്രിക്റ്റ് ടൂറിസം പ്രൊമോഷന്‍ കൌണ്‍സില്‍ മുമ്പാകെ കണക്കുകള്‍ അവതരിപ്പിച്ചില്ല എന്നതായിരുന്നു അവയില്‍ പ്രധാനം . അഴീക്കോട്‌ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന തിരിമറികളും അതേ തുടര്‍ന്ന് അന്നത്തെ ബാങ്ക് പ്രസിഡണ്ടിനു തല്‍ സ്ഥാനം നഷ്ടപ്പെട്ടതും ഫെസ്റ്റിവല്‍ നടത്തിപ്പുമായി ബന്ധപ്പെട്ടു തന്നെയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ തിരക്കുകളും ഫെസ്റ്റിവല്‍ നടക്കാതിരിക്കാന്‍ കാരണമായി.
കൊടുങ്ങല്ലൂര്‍ പോലീസിന്‍റെ ആശീര്‍വാദത്തോടെ പ്രവര്‍ത്തനമാരംഭിച്ച തീരദേശ ജാഗ്രതാ സമിതിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് തീരോല്‍സവം നടത്തപ്പെടുന്നത്.വിശിഷ്ട സേവനത്തിനു മുഖ്യമന്ത്രിയുടെ പുരസ്കാരം നേടിയ കൊടുങ്ങല്ലൂര്‍ C .I ശ്രീ കെ.എം ദേവസ്യക്ക്‌ ഉപഹാരം സമര്‍പ്പിക്കലാണ് പ്രധാന പരിപാടി. തുടര്‍ന്ന് ചവിട്ടു നാടകം , ഗാനമേള എന്നിവയും ഉണ്ടാകും.
കൊളുത്ത് ...
1 . അഴീക്കോട്‌ സര്‍വീസ് സഹകരണ ബാങ്കിന്‍റെ ഒരു ലെഡ്ജറില്‍ 'ആരോ' 4000 രൂപ വെട്ടിത്തിരുത്തി എഴുതി...
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കുറെ കോണ്ഗ്രസ്സ്കാര്‍ അണ്ടി പോയ അണ്ണാന്മാരായി....
2 സി.ഐ ക്ക് അഭിനന്ദനം അര്‍പ്പിച്ചു നാട് മുഴുവന്‍ ഇറങ്ങിയ എല്ലാ ഫ്ലക്സ്കളിലും ഒരേ ഫോട്ടോ തന്നെയാണത്രേ ഉള്ളത്. അത് C.I അദ്ദേഹം കൊടുക്കുന്നത് തന്നെയെന്നാ അസൂയക്കാരുടെ സംസാരം...
3 .കൊടുങ്ങല്ലൂരില്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കപ്പെട്ടത്‌ S . I ശ്രീ ബാലചന്ദ്രന്‍റെ ധീരമായ നടപടികള്‍ മൂലമാണെന്ന് പ്രഖ്യാപിച്ച്‌ അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ച് ചില യുവാക്കള്‍ സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡ് 'ഏതോ' ചില അക്രമികള്‍ നശിപ്പിച്ചു.

23 February 2011

ഉത്ഘാടന മഹാമഹം...

നാട്ടില്‍ ഉത്ഘാടനങ്ങളും ശിലാസ്ഥാപന കര്‍മങ്ങളും പൊടിപൊടിക്കുന്നു.
കഴിഞ്ഞ 15 ദിവസത്തിനിടെ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ മാത്രം ശ്രീ കെ.പി.രാജേന്ദ്രന്‍ ഇരുപതോളം പൊതു പരിപാടികളില്‍ പങ്കെടുത്തു കഴിഞ്ഞു. കല്ലിടലുകളുടെയും നാട മുറിക്കലുകളുടെയും വിവരങ്ങള്‍ അറിയിച്ചുകൊണ്ടുള്ള പുതിയ പുതിയ കമാനങ്ങള്‍ ഓരോ ദിവസവും ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഇവയില്‍ പകുതിയെങ്കിലും അടുത്ത സര്‍ക്കാരിന് പൂര്‍ത്തീകരിക്കാന്‍ സാധിച്ചാല്‍ നമ്മുടെ നാട് കേരളത്തിലെ സ്വപ്ന ഭൂമിയാകും. ഈ കൂട്ടപ്പൊരിച്ചിലിനിടയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പു വേളയില്‍ നല്‍കിയ വാഗ്ധാനങ്ങള്‍ അദ്ദേഹം മറക്കില്ലെന്ന് കരുതാം. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന അഴീകോട് ജെട്ടി - മാര്‍ത്തോമ റോഡ്‌ പുനര്‍ നിര്‍മിക്കണം എന്നാവശ്യപ്പെട്ടു പഞ്ചായത്ത് തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാന്‍ തീരുമാനിച്ച പ്രദേശവാസികള്‍ക്ക് മന്ത്രി നേരിട്ടെത്തി നല്‍കിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. രൂക്ഷമായ കുടിവെള്ള ദൌര്‍ലഭ്യം അനുഭവിക്കുന്ന നമ്മുടെ നാട്ടില്‍ ഇപ്പോഴും ആഴ്ചയിലൊരിക്കലാണ് പൈപ്പ് വെള്ളമെത്തുന്നത് .നാളുകള്‍ക്കു മുന്‍പ് ഫ്രാന്‍സിസ് ചേട്ടന്‍ സ്ത്രീകളെ പങ്കെടുപ്പിച്ചു സമരം നടത്തിയപ്പോള്‍ മന്ത്രി നല്‍കിയ വാഗ്ദാനവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. നാടിന്റെ ഇത്തരം നീറുന്ന പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും എന്ന് നമുക്ക് പ്രത്യാശിക്കാം. ഒരുപാട് പേരെ നമ്മള്‍ നിയമസഭയിലേക്കയച്ചു. നാടിനു വേണ്ടി കൂടുതല്‍
കാര്യങ്ങള്‍ ചെയ്തത് ശ്രീ രാജേന്ദ്രന്‍ തന്നെ...
കൂടുതല്‍ വാഗ്ദാനങ്ങള്‍ തന്നതും...
'ചീനവലകളെ ' സ്നേഹിക്കുന്നവരുടെ അഭിനന്ദനങ്ങള്‍...
കൊളുത്ത്‌...
രാത്രി പുറത്തിറങ്ങി നടക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക . ടോര്‍ച്ച് കരുതിയില്ലെങ്കില്‍ മന്ത്രി വഴിയില്‍ വിതറിയ ഏതെങ്കിലും കല്ലില്‍ തട്ടി വീഴാനിടയുണ്ട്...

19 February 2011

ഭൂമിക്കച്ചവടം വീണ്ടും സജീവമാകുന്നു...
ഏതാനും വര്‍ഷങ്ങളായി നിര്‍ജീവമായിരുന്ന ഭൂമിക്കച്ചവട രംഗം നാട്ടില്‍ വീണ്ടും സജീവമാകുന്നു. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ നാട്ടില്‍ ഏറ്റവുമധികം പണമൊഴുകിയിരുന്ന ഒരു മേഖലയായിരുന്നു ഇത്. വീട് വെച്ച് താമസിക്കുന്നതിനായി സ്ഥലം വാങ്ങുക എന്നതൊരു പഴഞ്ചന്‍ സങ്കല്പ്പമായി മാറി. അഡ്വാന്‍സ് തുക മാത്രം മുടക്കി 6 മാസത്തെ കരാറില്‍ ഭൂമി വാങ്ങി മറിച്ചു വില്‍ക്കുക വഴി നല്ല ലാഭം പലര്‍ക്കും ലഭിച്ചതോടെ നിരവധി പേര്‍ ഈ രംഗത്തേക്ക് കടന്നു വന്നു. ഒരുപാടു പേര്‍ ഇടനില്‍ക്കാരായും അവതരിച്ചു. ഈ മാറ്റം സാധാരണക്കാര്‍ക്ക് നാട്ടില്‍ ഭൂമി വാങ്ങി വീട് വെച്ച് താമസിക്കാന്‍ കഴിയാത്ത തരത്തില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചു എങ്കിലും ഒരുപാടു പേര്‍ക്ക് ഇതൊരു ഉപജീവന മാര്‍ഗം കൂടിയായിരുന്നു. ഊഹക്കച്ചവടം പരിധി വിട്ടപ്പോള്‍ സര്‍ക്കാര്‍ രെജിസ്ട്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കി. ഭൂമിക്കു ന്യായവില നിശ്ചയിച്ചു. ഇതോടെ ഭൂമിക്കച്ചവടം നിലച്ച മട്ടായി. കൂടാതെ ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെട്ടതോടെ ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്കിന്റെ തോതും കുറഞ്ഞു. അഴീക്കോട്‌ നടന്നിരുന്ന കച്ചവടങ്ങളില്‍ ഏറിയ ശതമാനവും ഗള്‍ഫ് മണിയുടെ പിന്‍ബലത്തിലായിരുന്നു. എന്നാലിപ്പോള്‍ ഈ മേഖല വീണ്ടും ഉണര്‍ന്നു തുടങ്ങുകയാണ്. സംസ്ഥാനത്ത് 2 മാസങ്ങള്‍ക്കകം നിയമസഭാ തെരഞ്ഞെടുപ്പു നടക്കും. പതിവനുസരിച്ച് അടുത്തത് യു.ഡി.എഫ്. ഭരണമായിരിക്കുമെന്നു പലരും കണക്കു കൂട്ടുന്നു. ഇത്തരം വിഷയങ്ങളില്‍ യു.ഡി.എഫ്. സാധാരണ ഉദാര സമീപനമാണ് പുലര്‍ത്തിപ്പോരുന്നത്. കൂടാതെ സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങള്‍ പതുക്കെ മോചിതമായിത്തുടങ്ങുന്നു. എന്ന വാര്‍ത്തകളും വരുന്നു. നാട്ടിലെ ഇടനിലക്കാരില്‍ നിന്നും കിട്ടിയ കണക്കനുസരിച്ച് ഈ വര്‍ഷം അഴീക്കോട്‌ ഇതുവരെ അന്‍പതിനടുത്ത്‌ കച്ചവടങ്ങള്‍ നടന്നിട്ടുണ്ട്. നാട്ടില്‍ ലീവില്‍ വരുന്ന ഗള്‍ഫുകാരെ ബ്രോക്കര്‍മാര്‍ വട്ടമിട്ടു പറന്നു തുടങ്ങിയിട്ടുണ്ട്. മറ്റു പല തൊഴിലുകളിലേക്കും യുവ തലമുറ കടന്നു ചെല്ലുന്നില്ലെങ്കിലും ഭൂമിക്കച്ചവട രംഗത്തേക്ക് പരമ്പരാഗത ബ്രോക്കര്‍മാരോട് മത്സരിക്കുവാന്‍ യുവതലമുറ സജീവമായിത്തന്നെ മുന്നോട്ടു വരുന്നുണ്ട്...

കൂട്ടുകാരമ്മാര്..

ചാടിപ്പോയവര്‍